തൻ്റെ ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ഇന്ത്യൻ താരം ടി നടരാജൻ. നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരിലാണ് താരം മൈതാനം ആരംഭിച്ചിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നടരാജൻ തന്നെ ഇക്കാര്യം പങ്കുവച്ചു. എല്ലാ സൗകര്യങ്ങളുമുള്ള മൈതാനമാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് നടരാജൻ കുറിച്ചു. (Natarajan Cricket Ground tamilnadu)
അതേസമയം, ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കും എന്ന് സൂചന. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. ഐപിഎലിൽ 95 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡെയിൽ സ്റ്റെയ്ൻ.
അതേസമയം, ട്രെവർ ബെയ്‌ലിസിനു പകരം ടോം മൂഡി സൺറൈസേഴ്സ് മുഖ്യ പരിശീലകനാവും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്നു മൂഡി. മൂഡിക്കൊപ്പമാവും ബെയ്‌ലിസ് പ്രവർത്തിക്കുക. മുൻ ദേശീയ താരം ഹേമങ് ബദാനിയും സൺറൈസേഴ്സ് പരിശീലക സംഘത്തിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഡെക്കാൺ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായാണ് സ്റ്റെയ്ൻ ഐപിഎൽ കളിച്ചിട്ടുള്ളത്.
Happy to Announce that am setting up a new cricket ground with all the facilities in my village, Will be named as *NATARAJAN CRICKET GROUND(NCG)❤️
— Natarajan (@Natarajan_91) December 15, 2021
* #DreamsDoComeTrue🎈Last year December I Made my debut for India, This year (December) am setting up a cricket ground💥❤️ #ThankGod pic.twitter.com/OdCO7AeEsZ
അതേസമയം, ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി ആൻഡി ഫ്ലവറോ ഡാനിയൽ വെട്ടോറിയോ എത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. പഞ്ചാബ് കിംഗ്സിൻ്റെ സഹ പരിശീലകനും സിംബാബ്‌വെ മുൻ താരവുമായ ഫ്ലവറിന് സാധ്യത കൂടുതലുണ്ടെന്നാണ് സൂചന. പഞ്ചാബ് കിംഗ്സിൻ്റെ മുൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ ലക്നൗവിൻ്റെ ക്യാപ്റ്റനായേക്കുമെന്നും രാഹുലിന് ഫ്ലവറുമായി നല്ല ബന്ധമാണ് ഉള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റനായ ഡാനിയൽ വെട്ടോറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ പരിശീലകനായിരുന്നു. ബാർബഡോസ് റോയൽസിൻ്റെ നിലവിലെ പരിശീലകനും വെട്ടോറിയാണ്. ബംഗ്ലാദേശ് ദേശീയ ടീമിൻ്റെ സ്പിൻ പരിശീലകനായും താരം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇരുവർക്കുമൊപ്പം സൺറൈസേഴ്സിൻ്റെ മുൻ പരിശീലകൻ ട്രെവർ ബെയ്‌ലിസ്, ഇന്ത്യൻ ടീം മുൻ പരിശീലകൻ ഗാരി കേർസ്റ്റൺ എന്നിവരും ലക്നൗ പരിശീലക സ്ഥാനത്ത് പരിഗണിക്കപ്പെടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്.