India

സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കിയാൽ 10 ലക്ഷം രൂപ നൽകാമെന്ന് കൃഷിമന്ത്രി; ആരോപണവുമായി നിഹാങ്ങുകൾ

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാറും പഞ്ചാബിലെ നിഹാങ്ങളുടെ മേധാവിയുമായി നടന്ന ചർച്ച വിവാദത്തിൽ. സിംഗു സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കാൻ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് നിഹാങ്ങ് മേധാവി ആരോപിച്ചു. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ നിലപാട്. (narendra singh tomar nihang)

ജൂലൈ അവസാനവാരം കേന്ദ്ര കൃഷി സഹമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചർച്ചയുടെ തെളിവായി കൃഷിമന്ത്രി തോമറും ബാവയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേന്ദ്ര കൃഷിമന്ത്രിയും നിഹാങ്ങുകളുടെ മേധാവി അമൻ സിംഗുമായി കൂടിക്കാഴ്ചയിൽ സിംഗുവിലെ കർഷകരെ ഒഴിപ്പിക്കുന്ന അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായത്. ഒഴിപ്പിക്കൽ നടപടികൾക്കായി പത്തുലക്ഷം രൂപയും കുതിരകളെയും വാഗ്ദാനം ചെയ്തുവെന്ന് വിഭാഗങ്ങളുടെ ബാബ സ്ഥിതീകരിച്ചു. പത്ത് പേരുടെ സംഘമായാണ് തങ്ങൾ മന്ത്രിയെ കണ്ടതെന്നും നിഹാങ്ങ് ബാവ വ്യക്തമാക്കി.

സംഭവം പുറത്തുവന്നതോടെ ബിജെപിയുടെ കർഷക സമരത്തെ തകർക്കാനുള്ള നീക്കങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത് എന്ന് കിസാൻ മോർച്ച പ്രതികരിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ, കർഷക സമരം ഒത്തുതീർപ്പാക്കാൻ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചയുടെ ഭാഗം മാത്രമാണ് കൂടിക്കാഴ്ച എന്നാണ് ബിജെപിയുടെ മറുപടി.

അതേസമയം കർഷക സമരകേന്ദ്രങ്ങളിൽ തുടരണമോ എന്ന കാര്യത്തിൽ നിഹാങ്ങുകൾ പുനരാലോചന തുടങ്ങി. ഈ മാസം 27ന് ഇക്കാര്യം തീരുമാനിക്കാൻ മുതിർന്ന നഹാങ്ങുകളുടെ യോഗം ചേരും.