India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. narendra modi’s birthday

പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളിലൂടെയാണ് ബിജെപി ജന്മദിനം ആഘോഷിക്കുന്നത്. ഒപ്പം സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ ഇരുപത് ദിവസം നീളുന്ന ക്യാംപെയിന് ഇന്ന് തുടക്കമാകും. ക്യാംപെയിനിന്റെ ഭാഗമായി യുപിയില്‍ മാത്രം 27,000 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷന്‍ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളില്‍ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്യും. ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച രാജ്യത്തെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. കിസാന്‍ മോര്‍ച്ച 71 കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനും മഹിളാ മോര്‍ച്ച, 71 കൊവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങിനും രാജ്യമിന്ന് സാക്ഷ്യം വഹിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അഞ്ചുകോടി പോസ്റ്റ് കാര്‍ഡുകളും അയക്കും. രാഷ്ട്രീയ സംഘാടകനില്‍ നിന്ന് ഭരണകര്‍ത്താവിലേക്കെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നു എന്ന പ്രത്യേകതയിലാണ് ഇത്തവണ മോദിയുടെ പിറന്നാള്‍ ആഘോഷം.

1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വട്നഗറിലാണ് ദാമോദര്‍ദാസ് മോദിയുടെയും ഹീരബ മോദിയുടെയും മൂന്നാമത്തെ മകനായി നരേന്ദ്ര മോദിയുടെ ജനനം. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് മുഴുവന്‍ പേര്. ഇടത്തരം കുടുബമായതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ തന്നെ ചായക്കടക്കാരന്റെ വേഷവും മോദിക്ക് അണിയേണ്ടിവന്നു. 1972ല്‍ അഹമ്മദാബാദില്‍ ആര്‍എസ്എസ് പ്രചാരകനാകുന്നത് മോദിയുടെ ജീവിതത്തിലെ വഴിത്തിരിവായി. 1987ഉം മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി മാറി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി ആദ്യജയം നേടിയപ്പോള്‍ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കിയത് നരേന്ദ്ര മോദിയാണ്.

1995ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലെത്തി. പിന്നീട് 2001ല്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പരാജയം മൂലം കേശുഭായി പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്ന് അതേവര്‍ഷം ഒക്ടോബര്‍ ഏഴിന് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രീയ സംഘാടകനില്‍ നിന്ന് ഭരണനിര്‍വഹണത്തിലേക്കുള്ള മോദിയുടെ യാത്ര ആരംഭിച്ചത് ഇവിടെ നിന്നുമാണ്. ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നായ ഗുജറാത്ത് കലാപം നടക്കുന്നത് ഈ കാലയളവിലാണ്.

2014ല്‍ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചാരണം. ആ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രി പദത്തിലേക്ക്… പിന്നീട് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും മോദിക്ക് രണ്ടാമൂഴമായി. 2019 മെയ് 30ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ഭാരതീയ ജനതാ പാര്‍ട്ടിയെ നയിച്ച് രണ്ട് തവണയും കേവല ഭൂരിപക്ഷം നേടി പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന നരേന്ദ്രമോദിയുടെ പങ്കുചെറുതല്ല.