ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കിന് ഷമി ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി.
ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.
ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാന്‍ ഷമിക്കാവില്ല. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഷമി ഇന്ത്യക്കായി കളിക്കുന്ന കാര്യം സംശയത്തിലാണ്.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റശേഷം അപ്രതീക്ഷിതമായി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചതിനൊപ്പം മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ചിരുന്നു.