ത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാൻ പ്രധാനമന്ത്രിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാൻ ബിജെപി തീരുമാനം. രണ്ടു ഘട്ടങ്ങളിൽ നടന്ന വോട്ടിംഗ് വിലയിരുത്തിയതിന് പിന്നാലെയാണ് തീരുമാനം. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും. പ്രചാരണത്തിൽ ഹിന്ദുത്വം, ദേശീയത തുടങ്ങിയ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനമായി.
യുപിയിൽ ഇന്നലെ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 55 സീറ്റുകളിലേക്കുള്ള ശരാശരി വോട്ടിംഗ് ശതമാനം 60.3% ആണ് രേഖപ്പെടുത്തിയത്.
സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിൽ രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്.
586 സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ഭാവിയാണ് ഇന്നലെ നിശ്ചയിക്കപ്പെട്ടത്. സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന ഷാജഹാൻപൂർ മണ്ഡലത്തിൽ നിന്നും മുഹമ്മദ് അസം ഖാൻ റാം പൂർ മണ്ഡലത്തിൽ നിന്നും ധരം സിംഗ് സൈനി നകുഡ് നിയമസഭാമണ്ഡലത്തിൽ നിന്നും ഈ ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ ഉൾപ്പെട്ടു. ജലവിഭവ മന്ത്രി ബൽ ദേവ് സിംഗ് ഔലാക്ക് വിദ്യാഭ്യാസമന്ത്രി ഗുലാബ് ദേവി, തദ്ദേശ സ്വയം ഭരണമന്ത്രി മഹേഷ് ചന്ദ്ര ഗുപ്ത എന്നിവരും രണ്ടാം ഘട്ടത്തിലാണ് തെഞ്ഞെടുപ്പിനെ നേരിട്ടത്.
ഉത്തർ പ്രദേശിൽ ഏഴ് ഘട്ടങ്ങളിൽ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ശ്രീകാന്ത് ശർമ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്മി നരേൻ തുടങ്ങിയ മന്ത്രിമാർ വിധി ആദ്യഘട്ടത്തിൽ ജനവിധി തേടി.