പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. ശ്രീലങ്കയും മാലദ്വീപുമാണ് മോദി സന്ദര്‍ശിക്കുക. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഭൂട്ടാനിലെത്തും.
അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്‍റെ വിദേശ നയം. ഇതിന്‍റെ ഭാഗമായാണ് ഭൂട്ടാന്‍, ശ്രീലങ്ക, മാലദ്വീപ് സന്ദര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും രണ്ട് ദിവസത്തെ സന്ദര്‍ശനങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഡോ. എസ് ജയശങ്കര്‍ ഇന്ന് ഭൂട്ടാനിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മാലദ്വീപും മറ്റന്നാള്‍ ശ്രീലങ്കയും സന്ദര്‍ശിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ് ഇരുവരുടേതും.
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റെക് രാഷ്ട്രങ്ങളെ മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഇതിന്‍റെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. മാലദ്വീപിലെ ക്രിക്കറ്റ് പുരോഗതിക്ക് ഇന്ത്യ ശ്രമിക്കുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മാലദ്വീപ് പാര്‍ലമെന്‍റിനെ മോദി നാളെ അഭിസംബോധന ചെയ്യും.