രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കും. ബിംസ്റ്റിക് രാഷ്ട്രത്തലവന്മാർ അടക്കം വിവിധ വിദേശ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. അതിനിടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ മന്ത്രിസഭാംഗങ്ങളെക്കുറിച്ച് ധാരണയായി.
നാളെ വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് ചടങ്ങ്. ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. അതേസമയം പാകിസ്താന് പ്രധാനമന്ത്രി ഇംമ്രാൻ ഖാന് ക്ഷണമില്ല. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം കേന്ദ്ര മന്ത്രിസഭ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.
പുതിയ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ പാർട്ടിക്കകത്ത് ധാരണയായിട്ടുണ്ട് എന്നാണ് സൂചന. ഇന്നലെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നാണ് വിവരം. മുന്നണിക്കകത്തും വിവിധ ഘടകകക്ഷികളുമായി മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. ഏറ്റവും വലിയ സഖ്യകക്ഷികളായ ശിവസേനക്കും ജെ.ഡി.യുവിനും രണ്ട് മന്ത്രിസഭാംഗങ്ങൾ വീതമാണ് ഉണ്ടാവുക. എൽ.ജെ.പിക്ക് ഒരു ക്യാബിനറ്റ് മന്ത്രിയും മറ്റു ഘടകകക്ഷികൾക്ക് ഓരോരുത്തർക്കും ഓരോ മന്ത്രി എന്ന നിലയിലുമാണ് പ്രാതിനിധ്യം ഉണ്ടാവുക. വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ ആയിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ നാളെ അധികാരമേൽക്കുക.