India National

ഇന്ത്യയിലേക്ക് വരൂ; അമേരിക്കയിലെ വ്യവസായികളോട് മോദി

ഇന്ത്യയില്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്നും നിക്ഷേപങ്ങള്‍ നടത്താന്‍ യു.എസ് കമ്പനികളെ സ്വാഗതം ചെയ്യുകയാണെന്നും ബ്ലൂംബെര്‍ഗ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ജിഇ, പെപ്‌സി, കൊക്കക്കോള, മാസ്റ്റര്‍കാര്‍ഡ്, വാള്‍മാര്‍ട്ട് തുടങ്ങി 45 കമ്പനികളുടെ മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലേക്ക് വരിക എന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. കോര്‍പ്പറേറ്റ് നികുതി വെട്ടക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വലിയ വിപണിയുള്ള സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിക്കണമെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരൂ, കൃത്യതയുള്ള വിപണിയില്‍ നിക്ഷേപിക്കണമെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. എന്നാണ് മോദിയുടെ ആഹ്വാനം. ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. രാജ്യം അടിസ്ഥാന വികസനത്തിന് വേണ്ടി നിക്ഷേപം നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ച നീളുന്ന യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 35 ശതമാനത്തില്‍ നിന്ന് 25.17 ശതമാനമാക്കി കുറച്ചത്. ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് മോദി പറയുന്നത്.