India

രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാർനാഥിനെ മാറ്റുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മഹത്തായ ആത്മീയ പാരമ്പര്യമെന്ന് പ്രധാനമന്ത്രി. ഉത്തരാഖണ്ഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥന സൗകര്യ വികസനത്തിനായി 130 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചു. നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തത്‌ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ. അസാധാരണമായ ജീവിതത്തിന് ഉടമയായിരുന്നു ആദിശങ്കരാചാര്യർ എന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മീയ സമ്പന്നതയുടെ ചിത്രമാണ് കേദാർനാഥ്‌. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാർനാഥിനെ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ കേദാർനാഥ്‌ ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി പ്രാർഥനകളിൽ പങ്കെടുത്തു. കൃഷ്ണശിലയിൽ തീർത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

എല്ലാ കാലാവസ്ഥയും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് പ്രതിമയുടെ നിർമാണം. പ്രളയം വന്നാലും ഭൂമികുലുക്കമുണ്ടായാലും ബാധിക്കാത്ത തരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മൈസൂരുവിലാണ് പ്രതിമ നിർമിച്ചത്.

2013ലെ പ്രളയത്തിൽ ശങ്കരാചാര്യരുടെ സമാധി സ്ഥലം പൂർണമായും തകർന്നിരുന്നു. ഇതും പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി ശങ്കരാചാര്യർ സ്ഥാപിച്ച മറ്റ് നാല് മഠങ്ങളിലും പരിപാടികൾ നടക്കുകയാണ്.

രാവിലെ എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ഡെറാഡൂൺ വഴി കേദാർനാഥിലെത്തിയത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തു. അഭിസംബോധനയ്ക്കിടെ 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.