പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ താല്പര്യമില്ലാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം.
വിദേശത്ത് താമസിക്കുന്നവര്‍ പോലും ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളാന്‍ കാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വ മികവും വ്യക്തിപരമായ സമീപനവും കാരണമാണ്. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അഭിനന്ദിക്കുന്നത്. മറ്റ് ലോക നേതാക്കളെപ്പോലും അഭിനന്ദിക്കാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ അഭിമാനിക്കാത്തവരെ ഇന്ത്യക്കാരായി കണക്കാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിക്കുന്നത്.
‘മോദി മഹാനായ നേതാവാണ്. എനിക്കോര്‍മ്മയുണ്ട്. ഇന്ത്യ പണ്ട് കീറിപ്പറഞ്ഞതായിരുന്നു. ഒത്തിരി വിയോജിപ്പുകളും എതിര്‍പ്പുകളും മുമ്പുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി. ഒരു പിതാവ് എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുന്ന പോലെ. ഒരുപക്ഷെ അദ്ദേഹം ഇന്ത്യയുടെ പിതാവായിരിക്കാം. നമുക്കദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാം’, എന്ന ട്രംപിന്റെ പരമാര്‍ശമാണ് വിവാദമായത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരേ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിയില്ലെന്നും പ്രസ്താവന ഇന്ത്യന്‍ പാരമ്പര്യത്തെ അപമാനിക്കലാണെന്നും ഒവൈസി കുറ്റപ്പെടുത്തി.
‘ട്രംപിന് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ കുറിച്ച് ഒരറിവുമില്ല. മോദിക്കൊരിക്കലും ഇന്ത്യയുടെ രാഷ്ട്രപിതാവാകാന്‍ കഴിയില്ല. കാരണം നിങ്ങള്‍ക്കൊരിക്കലും അദ്ദേഹത്തെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ. പ്രഗത്ഭന്മാരായ ജവഹര്‍ലാല്‍നെഹ്റുവിനും സര്‍ദാര്‍ പട്ടേലിനുപോലും ആ പദവി നല്‍കിയിട്ടില്ല’, ഒവൈസി പറഞ്ഞു.