India

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി അതിര്‍ത്തിയില്‍; പാകിസ്താന് പരോക്ഷ വിമര്‍ശനം

കൊവിഡ് മഹാമാരിക്കിടെ നിയന്ത്രണങ്ങളോടെ ദീപാവലി ആഘോഷിച്ച് രാജ്യം. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത്. കരസേന മേധാവി ജനറല്‍ മുകുന്ദ് എം നരാവ്‌നെ ഇന്നലെ തന്നെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുകയാണ്. 130 കോടി ജനങ്ങളുടെ ദീപാവലി ആശംസകള്‍ സൈനികര്‍ക്ക് നേരുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുതലായി സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്’. പ്രധാനമന്ത്രി പറഞ്ഞു. സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷവും അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി.’രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കൂടുതല്‍ സ്വദേശിവത്ക്കരിക്കും. ഇതിനായി ലോകോത്തര നിലവാരമുള്ള ആയുധങ്ങള്‍ ഇന്ത്യ സജ്ജമാക്കുന്നുണ്ട്’. ഭീകരതയ്ക്ക് ഇന്ത്യ ചുട്ട മറുപടി നല്‍കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ജമ്മുകശ്മീരിലെ അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികരാണ് കൊല്ലപ്പെട്ടത്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെത്തിയത്.