India National

കോണ്‍ഗ്രസ് കുടുംബ വാഴ്ചയെ വിമര്‍ശിച്ച് മോദിയുടെ ബ്ലോഗ്; നിര്‍ണായക പദവികളില്‍ സംഘ്പരിവാര്‍ വാഴ്ചയെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്‍റെ കുടുംബ വാഴ്ചയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി. കുടുംബ വാഴ്ചയാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയെന്നും 2014ല്‍ രാജ്യം വോട്ട് ചെയ്തത് കുടുംബ വാഴ്ചക്കെതിരെയാണെന്നും മോദി വിമര്‍ശിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പിയാണ് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വിമര്‍ശനമാണ് ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ത്തുവെന്നത്. ആ വിമര്‍ശനത്തെ മറികടക്കാനാണ് കോണ്‍ഗ്രസിനെ പഴിചാരിക്കൊണ്ടുള്ള മോദിയുടെ ബ്ലോഗ്. പ്രസ് മുതല്‍ പാര്‍ലമെന്റ് വരെ, സൈന്യം മുതല്‍ അഭിപ്രായസ്വാതന്ത്ര്യം വരെ, ഭരണഘടന മുതല്‍ കോടതി വരെ കോണ്‍ഗ്രസിന്റെ കുടുംബവാഴ്ച എല്ലാം നശിപ്പിച്ചെന്നാണ് മോദിയുടെ വാദം. ഈ കുടുംബവാഴ്ചക്ക് പകരമായി വിശ്വാസ്യതക്ക് വോട്ട് ചെയ്യുകയായിരുന്നു 2014ല്‍ രാജ്യമെന്നും മോദി അവകാശപ്പെടുന്നു.

എന്നാല്‍ മോദി ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എല്ലാ നിര്‍ണായക പദവികളിലും ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുന്ന സംഘ്പരിവാര്‍ കുടുംബവാഴ്ചയെക്കുറിച്ച് എന്തുപറയുമെന്ന് കപില്‍ സിബല്‍ ചോദിച്ചു.