India National

പ്രതിസന്ധി ഒഴിയാതെ പുതുച്ചേരി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം തുടരുന്നു

പുതുച്ചേരിയിൽ ഗവർണർ കിരൺ ബേദിയ്ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തർക്കമുള്ളതിനാൽ ചർച്ച നടന്നില്ല. ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് വി നാരായണസ്വാമി.

ഗവർണർ കിരൺ ബേദി നിശ്ചയിക്കുന്ന വേദിയിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയോ ചീഫ് സെക്രട്ടറിയുടെയോ ഓഫിസിൽ ഗവർണർ ചർച്ചയ്ക്ക് എത്തണം. ഇതിന് ഗവർണർ തയ്യാറാകാത്തതിനാൽ സമരം തുടരാനാണ് സർക്കാർ തീരുമാനം. നേരത്തെ, ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്ക് എത്താനായിരുന്നു കിരൺ ബേദി നൽകിയ നിർദ്ദേശം.

ഏഴു ദിവസമായി മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ ധർണ സമരത്തിന്, വിവിധ കക്ഷികൾ പിന്തുണയുമായി എത്തിയതോടെയാണ് ഗവർണർ കിരൺ ബേദി ചർച്ചയ്ക്ക് തയ്യാറായത്. ഡൽഹിയിലായിരുന്ന ഗവർണർ ഇന്ന് ഉച്ചയോടെ പുതുച്ചേരിയിൽ എത്തി. 21ന് മാത്രമേ ചർച്ച നടത്താൻ സാധിയ്ക്കൂ എന്ന നിലപാടിൽ നിന്ന് പിൻമാറുകയായിരുന്നു ഗവർണർ.