India

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ഹർജി മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹർജി മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യുടെ മുഖത്ത് അടിക്കും എന്നായിരുന്നു നാരായണ റാണെയുടെ പരാമർശം. പരാമർശത്തിൽ ശിവസേനാ പ്രവർത്തകർ നൽകിയ പരാതിയിലാൽ നാരായണ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധവും, ചട്ട ലംഘനവുമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്രയിൽ പലയിടത്തും ബിജെപി ശിവസേന പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത കേന്ദ്ര മന്ത്രി നാരായൺ റാണെയെ രാത്രി 10 മണിയോടെയാണ്, റായ്ഗഡ് ജില്ലയിലെ മഹദ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. റാണെയുടെ കുടുംബാംഗങ്ങളും കോടതിയിലെത്തി. നാരായൺ റാണെയെ 7 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഭൂഷൻ സാൽവി ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത് തെറ്റായ വകുപ്പുകൾ ആണെന്ന് റാണയുടെ അഭിഭാഷകർ വാദിച്ചു. റാണെക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ,153, 505 എന്നീ വകുപ്പുകൾ നിലനിൽക്കില്ലെന്നും, തെളിവുകൾ കണ്ടെടുക്കാൻ ഇല്ലാത്തതിനാൽ കസ്റ്റഡിയിൽ എടുക്കേണ്ട കാര്യമില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്ന് നാരായൺ റാണയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.