കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തരുതെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍റെ മുന്നറിയിപ്പ്. നളിന്‍ കുമാര്‍ കട്ടീല്‍ പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശിവകുമാറിന്‍റെ അറസ്റ്റില്‍ തനിക്ക് സന്തോഷമില്ലെന്നും അദ്ദേഹം ഉടന്‍ പുറത്തുവരാന്‍ പ്രാര്‍ഥിക്കുന്നുവെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. യെദ്യൂരപ്പയുടെ പരാമര്‍ശം ബി.ജെ.പിയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ നിര്‍ദേശം.
ശിവകുമാറിന്റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും ജനതാദളും സംസ്ഥാനത്തെ വൊക്കലിഗ സമുദായത്തിന്‍റെ പിന്തുണ നേടുമോയെന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള മേഖലകളിലാണ് ജനതാദള്‍ വിജയിച്ചത്. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശിവകുമാറിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് വൊക്കലിഗ വിഭാഗം എതിരാകുമോ എന്നാണ് ബി.ജെ.പിയുടെ ആശങ്ക.