India National

നാഗാലാന്‍ഡില്‍ 22 ബി.ജെ.പി നേതാക്കള്‍ രാജിവെച്ച് നാഗ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ 22 നേതാക്കള്‍ പ്രതിപക്ഷമായ നാഗ പീപ്പിൾസ് ഫ്രണ്ടിൽ ചേർന്നു. ദിമാപൂരിൽ നടന്ന ചടങ്ങിൽ നാഗ പീപ്പിൾസ് ഫ്രണ്ട് പ്രസിഡന്റ് ഷർഹോസെലി ലിസിയറ്റ്സു ബി.ജെ.പി നേതാക്കളെ സ്വാഗതം ചെയ്തു. വരും ദിവസങ്ങളിൽ ബി.ജെ.പിയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേതാക്കൾ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തുവെന്നും തന്റെ പാർട്ടി നാഗാ ജനതയുടെ തനതായ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ലിസിയറ്റ്സു പറഞ്ഞു. ബി.ജെ.പിയുടെ നിയമകാര്യ കൺവീനർ തോഷി ലോങ്‌കുമർ, ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് മുകിബുർ റഹ്മാൻ എന്നിവരും പാര്‍ട്ടി വിട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഭേദഗതി വരുത്തിയ പൗരത്വ നിയമം പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബാധിക്കുമെന്ന് റഹ്മാൻ പറഞ്ഞു. ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാൻ നാഗ പീപ്പിൾസ് ഫ്രണ്ട് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബറിൽ നാഗാലാൻഡ് സർക്കാർ ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം ദിമാപൂർ ജില്ലയില്‍ മുഴുവൻ പ്രാബല്യത്തിൽ വരുത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ “സംരക്ഷിത പ്രദേശങ്ങൾ” എന്ന് നിർവചിച്ചിരിക്കുന്ന ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് പുറത്തുനിന്നുള്ളവർക്ക് ആവശ്യമായ ഒരു രേഖയാണ് ഈ പെർമിറ്റ്. ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം അരുണാചൽ പ്രദേശ്, മിസോറം, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മണിപ്പൂർ, അസമിലെ ചില മേഖലകൾ എന്നിവിടങ്ങളിലുണ്ട്. എന്നാൽ ഇന്നർ ലൈൻ പെർമിറ്റ് വ്യവസ്ഥകൾ, രേഖകളില്ലാത്ത കുടിയേറ്റക്കാരെ സംസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തടയില്ലെന്ന് റഹ്മാൻ പറയുന്നു.