India

‘ജയലളിതയുടെ മരണത്തില്‍ ദുരൂഹത’; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി കെ ശശികല ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം നടന്നത് നിലവില്‍ പറയുന്ന ദിവസമല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 

2012ലെ ജനറല്‍ ബോഡി യോഗത്തില്‍ വി കെ ശശികലയുമായി യാതൊരു വിധത്തിലുള്ള ബന്ധവും സ്ഥാപിക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിത നല്‍കിയിരുന്നു. അതിന് ശേഷം ഒരു കത്ത് നല്‍കിക്കൊണ്ടാണ് ജയലളിതയുടെ വസതിയായ പൊയസ് ഗാര്‍ഡനിലേക്ക് വി കെ ശശികല തിരികെയെത്തുന്നത്.

2016 സെപ്തംബര്‍ 26ന് പൊയസ് ഗാര്‍ഡനില്‍ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായ ജയലളിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വി കെ ശശികലയും ഉണ്ടായിരുന്നുവെന്നും ആശുപത്രിയിലെ 10 മുറികള്‍ ജയലളിതയ്ക്ക് വേണ്ടി മാറ്റിവച്ചിരുന്നുവെന്നതടക്കം റിപ്പോര്‍ട്ടിലുണ്ട്. യുകെയില്‍നിന്നെത്തിയ ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍, വിദേശ ചികിത്സയ്ക്കായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതംഗീകരിക്കപ്പെട്ടില്ല. ഹൃദയശസ്ത്രക്രിയ വേണമെന്ന ആവശ്യവും നടന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.