വ്യവസ്ഥാപരമായ വിവേചനമാണ് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനു കീഴില്‍ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 2008 ലെ രാംപൂർ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമണ കേസിലെ പ്രതികളിലൊരാളായ ഗുലാബ് ഖാനെ ഉത്തർപ്രദേശ് കോടതി കുറ്റവിമുക്തനാക്കിയതിനോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”തീവ്രവാദ കേസുകളിൽ മുസ്‌ലിംകളെ തടവിലാക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം കുറ്റവിമുക്തരാക്കാനാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കീഴില്‍ വ്യവസ്ഥാപരമായ വിവേചനമാണ് മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത്”. അദ്ദേഹം ട്വീറ്റ് ചെയ്തു.
ആരാണ് യഥാര്‍ഥ കുറ്റവാളികള്‍? ഇത്രയും കാലം ഗുലാബ് ഖാനും കുടുംബവും സഹിച്ച മാനഹാനിക്കും വേദനനകള്‍ക്കും ആര് സമാധാനം പറയുമെന്നും ഉവൈസി ചോദിച്ചു.
2008 ലാണ് ഒരു കൂട്ടം അക്രമികള്‍ ഉത്തര്‍പ്രദേശിലെ രാംപൂർ ആസ്ഥാനമായുള്ള സി.ആർ.പി.എഫ് ക്യാമ്പ് അക്രമിച്ചത്. ആക്രമണത്തില്‍ ഏഴ് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നാരോപിച്ചാണ് പ്രതാപ് ഗര്‍ സ്വദേശിയായ മുഹമ്മദ് കൌസറിനേയും ബെറേലി സ്വദേശിയായ ഗുലാബ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തത്.