India National

‘മതത്തെ വലിച്ചിഴക്കേണ്ട’: ബംഗളൂരുവില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത മുസ്‍ലിം യുവാക്കള്‍

അവിടെ രണ്ട് തരം ആളുകളേ ഉണ്ടായിരുന്നുള്ളൂ. അക്രമികളും സമാധാനം ആഗ്രഹിച്ചവരും- മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന യുവാക്കള്‍ പറയുന്നു..

ചൊവ്വാഴ്ച രാത്രി 10 മണിക്ക് റഹ്മത് നഗറില്‍ ഭക്ഷണം കഴിക്കവേയാണ് നദീമും സംഘവും ബംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞത്. അക്രമം പടരുന്നതൊന്നും അറിയാതെ നദീമും ഏഴ് കൂട്ടുകാരും ബൈക്കുകളില്‍ കാവല്‍ ബൈര്‍സാന്ദ്ര ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോഴേക്കും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തെ കുറിച്ച് നദീം പറയുന്നതിങ്ങനെ-

“ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും രണ്ട് കാറുകള്‍ കത്തിയെരിയുന്നത് കണ്ടു. എംഎല്‍എയുടെ വീട്ടില്‍ നിന്നും 300 മീറ്റര്‍ മാത്രം അകലെയാണ് ക്ഷേത്രം. ഏഴോ എട്ടോ പേര്‍ അമ്പലത്തിന് സമീപമുണ്ടായിരുന്നു. അവര്‍ ക്ഷേത്രം ആക്രമിക്കാന്‍ വന്നവരാണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ അവര്‍ ക്ഷേത്രം സംരക്ഷിക്കാനായി മനുഷ്യച്ചങ്ങല തീര്‍ക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നാലെ കുറേ പേര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പാതിരാത്രി വരെ ഞങ്ങളങ്ങനെ നിന്നു. സമാധാനാന്തരീക്ഷം തകര്‍ക്കാതെ നോക്കുകയും അമ്പലം സംരക്ഷിക്കുകയുമായിരുന്നു ലക്ഷ്യം”.

അവിടെ ഒത്തുകൂടിയവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുള്ളവരായിരുന്നില്ലെന്ന് മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന സാക്വിബ് പറഞ്ഞു- “ഇന്നലെ അവിടെ രണ്ട് തരം ആളുകളേ ഉണ്ടായിരുന്നുള്ളൂ. അക്രമികളും സമാധാനം ആഗ്രഹിച്ചവരും. ഇതിലേക്ക് മതത്തെ വലിച്ചിഴക്കേണ്ടതില്ല. അക്രമങ്ങളില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മതത്തെ കുറ്റപ്പെടുത്തേണ്ടതില്ല”.

അതേസമയം ഡിജെ ഹള്ളിയില്‍ മറ്റൊരു മനുഷ്യ ചങ്ങല കൂടി രൂപപ്പെട്ടു. സ്വരാജ് ഇന്ത്യ പ്രവര്‍ത്തകരായിരുന്നു ഈ മനുഷ്യ മതിലിന് പിന്നില്‍. ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് അക്രമികള്‍ കയറാതിരിക്കാനാണ് ഇവര്‍ മനുഷ്യ ചങ്ങല തീര്‍ത്തത്. സ്വരാജ് ഇന്ത്യ യൂത്ത് പ്രസിഡന്‍റ് സിയ നൊമാനിയും സംഘവുമാണ് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ ഇടപെട്ടത്.

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് ബംഗളൂരുവില്‍ സംഘര്‍ഷം തുടങ്ങിയത്. എംഎല്‍എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പൊലീസ് ഇടപെടലുണ്ടായതോടെ സംഘം ഡി ജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്. പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതുവരെ 145 പേരെ അറസ്റ്റ് ചെയ്തു. കെ ജി ഹള്ളി, ഡി ജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയ കർഫ്യൂ 15ന് രാവിലെ ആറ് മണി വരെ തുടരും.