India National

പൗരത്വ ഭേദഗതി ബില്‍; മുസ്ലിം വിദ്യാർഥി സംഘടനകളുടെ പാർലമെന്റ് മാർച്ച് ഇന്ന്

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. തലസ്ഥാന നഗരിയിലും പ്രതിഷേധം കനക്കുകയാണ്. ഇന്ന് വിവിധ മുസ്ലിം വിദ്യാർഥി സംഘടനകൾ പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ല് പാസാക്കിയ പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് വിദ്യാർഥി സംഘടനകൾ പ്രതിഷേധം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. മുസ്ലിം സംഘടനകളായ എം.എസ്.എഫും എസ്.ഐ.ഒയും ഇന്ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഡൽഹിയിലെ വിവിധ കേന്ദ്ര സർവകലാശാലകളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഡൽഹി സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ സർവകാലാശാല അധ്യാപകരായ ഹാനി ബാബു, സച്ചിൻ നാരായണൻ, ഡോ. സരോജ് ഗിരി എന്നിവർ സംസാരിച്ചു.

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനികൾ ഫ്ലാഷ് ലൈറ്റ് മാർച്ചും സംഘടിപ്പിച്ചു. സർവകലാശാലക്ക് മുമ്പിലെ റോഡും ഉപരോധിച്ചു. ജെഎൻയു വിദ്യാർഥികൾ കാമ്പസിനകത്ത് പ്രതിഷേധ പ്രകടനം നടത്തി. അലിഗഡ് സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം രണ്ട് ദിവസമായി തുടരുകയാണ്. അലിഗഡിൽ നടന്ന നിരാഹര സമരത്തിൽ 25000 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇന്ത്യാ ഗേറ്റിലും പ്രതിഷേധവുമായി വിദ്യാർഥികളെത്തി.