India National

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 17 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഖാലിദിനെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ കേസില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

“ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം തീ കൊളുത്തി ഓടി രക്ഷപ്പെട്ടു”. – ഇതായിരുന്നു ഖാലിദ് ആദ്യം പൊലീസിന് നല്‍കിയ മൊഴി.

45 ശതമാനം മാത്രമാണ് പൊള്ളലേറ്റതെന്നും പിന്നീട് ഖാലിദില്‍ നിന്നു ലഭിച്ച മൊഴികളെല്ലാം വ്യത്യസ്തമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഖാലിദ് സ്വയം തീ കൊളുത്തിയതിന് ദൃക്സാക്ഷിയുണ്ടെന്ന് ചണ്ടൌലി എസ്.പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. “ഖാലിദ് രണ്ട് വ്യത്യസ്തമായ കഥകളാണ് പൊലീസിനോട് പറഞ്ഞത്. അതുകൊണ്ട് തന്നെ സംശയം തോന്നി. മൊഴിയില്‍ പറഞ്ഞ രണ്ട് സ്ഥലങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ രണ്ട് സ്ഥലങ്ങളിലും ഇയാളെ കാണാന്‍ സാധിച്ചില്ല. ആരോ മനപ്പൂർവം ഈ കഥ ഇയാളെക്കൊണ്ട് പറയിപ്പിക്കുകയാണെന്ന് തോന്നുന്നു.” – സന്തോഷ് കുമാര്‍ പറഞ്ഞു.