India

മുസാഫർനഗർ കലാപം ; ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു

മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു. ഇരുപത് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മുസാഫർനഗർ അഡി. സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകങ്ങൾ, കവർച്ച, തീവെപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായിരുന്നവരെയാണ് തെളിവുകൾ ഇല്ലെന്ന കാരണത്താൽ കോടതി വെറുതെ വിട്ടത്.

2013ലെ മുസാഫർനഗർ കലാപമുണ്ടായിട്ട് എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ കലാപകേസുകളിൽ കോടതി ഇതുവരെ വെറുതെ വിട്ടത് 1,100 പേരെ. കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷിച്ചത് വെറും ഏഴ് പേരേയും. ശിക്ഷിക്കപ്പെട്ട ഏഴുപേരും ഒരു കേസിലെ പ്രതികളാണ്.

97 കേസുകളാണ് കോടതി പരിഗണിച്ചത്. ആകെ 510 കേസുകളാണ് മുസാഫർനഗർ കലാപങ്ങളിൽ ഫയൽ ചെയ്തിരിക്കുന്നത്. കവൽ ഗ്രാമവാസികളായ സചിൻ, ഗൗരവ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഏഴുപേരെ ശിക്ഷിച്ചത്.

2013 ആഗസ്റ്റ് 27ന് ഷാനവാസ് എന്ന യുവാവിനെ ആറ് പേർ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് മുസാഫർ നഗറിൽ കലാപം തുടങ്ങുന്നത്. 510 കേസുകളിലായി 1,480 പേർക്കെതിരെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് 175 കേസുകളിൽ മാത്രമാണ്.

കലാപത്തിന് ശേഷം ഇതുവരെ 97 കേസുകൾ മാത്രമാണ് കോടതിയിൽ തീരുമാനമായതെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു. പ്രതികളെ വെറുതെ വിട്ട കേസുകളിൽ ഒന്നിൽ പോലും പ്രോസിക്യൂഷൻ അപീലിന് പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഇപ്പോൾ 264 പ്രതികൾ വിവിധ കേസുകൾ വിചാരണ നേരിടുന്നതായി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. മുസാഫർനഗർ കലാപത്തിൽ അറുപതിലേറെ പേർ കൊല്ലപ്പെടുകയും 40,000 പേർ ഭവന രഹിതരാവുകയും ചെയ്തിരുന്നു.