India

മധ്യപ്രദേശിൽ കൊലക്കേസിൽ കുറ്റാരോപിതരായവരുടെ വീട് പൊളിച്ചു

കൊലക്കേസിൽ കുറ്റാരോപിതരായവരുടെ വീട് പൊളിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. വസ്തു തർക്കവുമായി ബന്ധപ്പെട്ട് രണ്ട് വയോധികരെ വെടിവച്ച് കൊന്ന ജഹർ സിംഗ്, ഉമൈദ് സിംഗ്, മഖൻ സിംഗ്, അർജുൻ സിംഗ് എന്നിവരുടെ വീടാണ് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. രണ്ട് ആഴ്ചക്ക് മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതികൾ ഒളിവിലാണ്.

ബദ്രി ശുക്ല (68), സഹോദരൻ രാംസേവക് ശുക്ല (65) എന്നിവരാണ് രണ്ടാഴ്ചയ്ക്കു മുൻപ് കൊല്ലപ്പെട്ടത്. 2021ൽ വാങ്ങിയ മൂന്ന് ഏക്കറുമായി ബന്ധപ്പെട്ട് കുറ്റാരോപിതരുടെ കുടുംബവുമായി തർക്കങ്ങൾ നടന്നിരുന്നു. ഫെബ്രുവരി 28ന് കുറ്റാരോപിതർ കൊല്ലപ്പെട്ടവരുടെ വസ്തുവിലുണ്ടായിരുന്ന തങ്ങളുടെ ട്രാക്ടർ എടുക്കാനെത്തി. എന്നാൽ സഹോദരങ്ങൾ ഇത് തടഞ്ഞു. തുടർന്നാണ് ഇവരെ വെടിവച്ച് കൊലപ്പെടുത്തിയത്.

സർക്കാർ ഭൂമി കയ്യേറി ഉണ്ടാക്കിയ വീടാണ് ഇതെന്ന് അധികൃതർ പറയുന്നു. ഗ്രാമത്തിലെ കുഴൽക്കിണറിൻ്റെയും സ്കൂളിൻ്റെയും ഭാഗമായ സ്ഥലവും ഇവർ കയ്യേറി എന്നും പൊലീസ് പറഞ്ഞു. 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തു സർക്കാർ തിരിച്ചെടുത്തു.