India National

മുന്‍ മന്ത്രി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നു

ഡല്‍ഹി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കഴിഞ്ഞ വര്‍ഷം .ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ചൗഹാന്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രമുഖ ദലിത് മുഖമായ ചൗഹാന്‍ താന്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ചൗഹാന്‍ സന്ദര്‍ശിച്ചിരുന്നു.

പാര്‍ട്ടി ടിക്കറ്റിനായി പരിഗണിക്കരുതെന്ന് താന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, മന്ത്രിയാക്കിയത് സോണിയ ഗാന്ധിയാണ്. എന്റെ രാഷ്ട്രീയ ജീവിതത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എനിക്ക് അവരോട് വേണ്ട എന്ന് പറയാന്‍ കഴിയില്ല. ഞാന്‍ അവരെ കാണാന്‍ പോകുന്നതിനുമുമ്ബ്, എന്നെ ടിക്കറ്റിനായി പരിഗണിക്കരുതെന്ന് ഞാന്‍ ബി.ജെ.പിയോട് പറഞ്ഞു. സോണിയാജി നിര്‍ദ്ദേശിച്ച പ്രകാരം ഞാന്‍ കോണ്‍ഗ്രസില്‍ ചേരും’- ചൗഹാന്‍ എ.എന്‍.ഐയോട് പറഞ്ഞു.

അതിനിടെ, നിര്‍ണായക ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക സമിതിയുടെ കോ-ഇന്‍ചാര്‍ജായി ചൗഹാനെ നിയമിച്ചു.

ചൗഹാന് മുമ്ബ് ഡല്‍ഹി മുന്‍ മന്ത്രി അരവിന്ദര്‍ സിംഗ് ലവ്‌ലിയും മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിറത്തും കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. ചൗഹാനും ലവ്‌ലിയും ഷീലാ ദീക്ഷിത് സര്‍ക്കാരിലെ മന്ത്രിമാരായിരുന്നു.