India

ലഹരി പാര്‍ട്ടികേസ്; ആര്യന്‍ ഖാനെതിരെ ഗൂഡാലോചനകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കോടതി

മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാനെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ല. ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരെയും ഗൂഡാലോചനയ്‌ക്കെതിരെ തെളിവില്ല. കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്തുവന്നു.

കഴിഞ്ഞ ഒക്ടബോര്‍ 28നാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 14 പേജുകളുള്ള ഈ ഉത്തരവിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്‍സിബി സമര്‍പ്പിച്ച ഇവരുടെ വാട്‌സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ആര്യനുള്‍പ്പെടുന്ന മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്‌തെന്നോ ഫോണില്‍ ബന്ധപ്പെട്ടെന്നോ കരുതി ഗൂഡാലോചനയാകില്ലെന്നും സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളല്ല ഇവയെന്നും കോടതി നിരീക്ഷിച്ചു.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 3നായിരുന്നു അറസ്റ്റ്. എന്‍സിബി നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എന്‍സിബി പിടികൂടിയിരുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്യനടക്കം എട്ട് പേരും പാര്‍ട്ടിയുടെ സംഘാടകരും പിടിയിലാവുകയായിരുന്നു.