India

ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടികേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതെ സമയം കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയൻ പൗരൻ കൂടി അറസ്റ്റിലായി. നിലവിൽ ഇരുപത് പേരെയാണ് ലഹരി പാർട്ടികേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഗോറെഗാവിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. (mumbai drug bail plea)

കഴിഞ ദിവസം ചോദ്യം ചെയ്ത നിർമ്മാതാവ് ഇംതിയാസ് ഖത്രിയോട് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഇയാളുടെ വീട്ടിലും ഓഫീസിലും എൻസിബി റെയ്ഡ് നടത്തിയിരുന്നു. എട്ട് മണിക്കൂറാണ് ഇംതിയാസ് ഖത്രിയെ എൻസിബി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ആര്യന്റെ ഡ്രൈവറെയും എൻസിബി ചോദ്യംചെയ്തിരുന്നു.

കേസില്‍ ആര്യന്‍ ഖാന്റെ പിതാവ് ഷാറുഖ് ഖാന്റെ ഡ്രൈവറെയും എന്‍സിബി ചോദ്യം ചെയ്തു. എന്‍സിബി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ഡ്രൈവര്‍ രാജേഷ് മിശ്രയുടെ മൊഴി രേഖപ്പെടുത്തിയത്. ലഹരി പാര്‍ട്ടി നടന്ന ആഡംബര കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും എത്തിച്ചത് ഡ്രൈവര്‍ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. നിലവില്‍ ആര്യനടക്കമുള്ള പ്രതികള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അറസ്റ്റിലായവരുമായി ബന്ധമുള്ള ലഹരി ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കപ്പലില്‍ നടത്തിയ റെയ്ഡില്‍, 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവ ഏജന്‍സി കണ്ടെടുത്തിരുന്നു.

അതിനിടെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തി. മാരക ലഹരിമരുന്നുമായി സവര്‍ബന്‍ പോവായില്‍ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്.

നേരത്തെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഖത്രിയുടെ പേര് ഉയർന്നിരുന്നു. സുശാന്തിന്റെ മുൻ മാനേജർ‌ ശ്രുതി മോദിയുടെ അഭിഭാഷകനാണ്, മരണത്തിൽ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. സുശാന്തിനും നടി റിയ ചക്രവർത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നൽകിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം.