India

ചെറുപ്പത്തിൽ മുട്ട തിന്നാൽ വലുതാകുമ്പോൾ ആളെ തിന്നും; സ്‌കൂളുകളിലെ മുട്ടവിതരണത്തിനെതിരെ ബി.ജെ.പി നേതാവ്

മധ്യപ്രദേശിലെ അങ്കണവാടികളിൽ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിനെതിരെ ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാൽ ഭാർഗവ. മാംസാഹാരം ഭാരതീയ സംസ്‌കാരത്തിൽ നിഷിദ്ധമാണെന്നും ഇന്ന് മുട്ട കഴിക്കാൻ പറയുന്നവർ നാളെ കോഴിയെയും ആടിനെയും തിന്നാൻ പറയുമെന്നും ഗോപാൽ പറഞ്ഞു.

അങ്കണവാടികളിൽ മുട്ട വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഗോപാൽ ഭാർഗവയുടെ മറുപടി ഇപ്രകാരമായിരുന്നു.

‘പോഷകമില്ലാത്ത ഒരു സർക്കാറിൽ നിന്ന് എന്താണ് പ്രതീക്ഷിച്ചു കൂടാത്തത്? അവർ കുട്ടികളെ മുട്ട തീറ്റിക്കുന്നു, കഴിക്കാത്തവരെ നിർബന്ധിച്ച് കഴിപ്പിക്കുന്നു. മുട്ടയിൽ പോഷകം ഇല്ലെങ്കിൽ കോഴിയെയും ആടിനെയുമെല്ലാം കഴിപ്പിക്കും. ഭാരതത്തിന്റെ സനാതന സംസ്‌കാരത്തിൽ മാംസാഹാരം നിഷിദ്ധമാണ്. ബലംപ്രയോഗിച്ച് ആരെയും തീറ്റിക്കാൻ കഴിയില്ല. ചെറുപ്പത്തിലേ ഇങ്ങനെയാണെങ്കിൽ അവർ വലുതായാൽ മാംസം കഴിക്കുകയും നരഭോജിയാവുകയും ചെയ്യുമോ എന്നറിയില്ല.’

ജാതിയിൽ ബ്രാഹ്മണനായ താൻ വെളുത്തുള്ളി പോലും കഴിക്കാറില്ലെന്നും ഭക്ഷണങ്ങൾ ആരിലും അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ അടുത്തമാസം മുതൽ അങ്കണവാടികളിൽ ഉച്ചഭക്ഷണത്തിൽ മുട്ടയും ഉൾപ്പെടുത്തുമെന്ന് മധ്യപ്രദേശ് ശിശുക്ഷേമ മന്ത്രി ഇമർത്തി ദേവി പ്രഖ്യാപിച്ചിരുന്നു. മുട്ട മാംസാഹാരമാണെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്നാണ് അവരുടെ വിശദീകരണം.

‘പ്രതിപക്ഷത്തിന് അവർക്കിഷ്ടമുള്ളതു പറയാം. പോഷകാഹാരക്കുറവിന് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത് കുട്ടികളുടെ ആരോഗ്യത്തിന് മുട്ട നല്ലതാണെന്നാണ്. മാത്രവുമല്ല, മുട്ട നോൺ വെജിറ്റേറിയൻ ഭക്ഷണത്തിൽ വരുന്നതുമല്ല. അത് വെജിറ്റേറിയൻ വിഭാഗത്തിൽപെട്ടതുമാണ്.’ – ണർത്തി ദേവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.