India National

ഡല്‍ഹിയില്‍ ഏകദിന വാഹന പണിമുടക്ക് പുരോഗമിക്കുന്നു

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ വര്‍ധനക്കും ദോഷകരമായ നയങ്ങള്‍ക്കും എതിരെ ഡല്‍ഹിയില്‍ ഏക ദിന വാഹന പണിമുടക്ക്പുരോഗമിക്കുന്നു. 41 സംഘടനകളിലെ അംഗങ്ങളാണ് പണിമുടക്കുന്നത്. പിഴത്തുക കുറച്ചില്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പണിമുടക്ക് പ്രമാണിച്ച് ഡൽഹിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധിയാണ് ട്രക്ക്, ടാക്സി, ഓട്ടോ, ഓൺലൈൻ ടാക്സി, സ്വകാര്യ ബസുകൾ അടക്കമുള്ളവയാണ് പണിമുടക്കുന്നത്. വന്‍ തോതില്‍ ഉയര്‍ത്തിയ പിഴ തുക പിന്‍വലിക്കണമെന്നാണ് ആവശ്യം. പിഴത്തുക വര്‍ധനവ് അഴിമതി വര്‍ധിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തേക്കാൾ വലുതാണ് ചുമത്തുന്ന പിഴ എന്നാണ് സാധാരണക്കാരുടെ പരാതി.

തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണം പക്ഷേ ചെറിയ തെറ്റുകൾക്ക് വലിയ പിഴ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ജനം പറയുന്നു. ഡല്‍ഹിയിലെ പ്രധാന മേഖലകളിലൂടെയെല്ലാം മെട്രോ കടന്നുപോകുന്നതിനാല്‍ വാഹന പണിമുടക്ക് സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍ റെയില്‍വെ, വിമാനത്താവളം അടക്കമുള്ളവിടങ്ങളില്‍ വലിയ ലഗേജുമായി എത്തിയവര്‍ മെട്രോ സ്റ്റേഷനുകളിലെത്താന്‍ ബുദ്ധിമുട്ടി. അതേസമയം പിഴത്തുക വര്‍ധനയോട് അനുകൂല നിലപാടാണ് കെജ്രിവാള്‍ സര്‍ക്കാരിന്. പ്രതിഷേധം ശക്തമായതോടെ ജനങ്ങളെ വലപ്പിക്കുന്ന രീതിയിലേക്ക് പോവുകയാണെങ്കില്‍ പുനപരിശോധിക്കാമെന്ന് കെജരിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.