India

രാജ്യത്ത് 24 മണിക്കൂറില്‍ ആദ്യമായി ആറായിരത്തിലേറെ കോവിഡ് കേസുകള്‍; മഹാരാഷ്ട്രയില്‍ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തു

കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകൾ ഏറ്റെടുക്കാൻ മഹാരാഷ്ട്ര സ൪ക്കാ൪ തീരുമാനിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 6088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ കണക്കാണിത്. 148 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകൾ ഏറ്റെടുക്കാൻ മഹാരാഷ്ട്ര സ൪ക്കാ൪ തീരുമാനിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനെട്ടായിരത്തി നാനൂറ്റി നാല്‍പത്തിയേഴ് ആയി. മരണം 3583ഉം. മുംബൈയിലെ കോവിഡ് കേസുകൾ 25000 കടന്നു. മഹാരാഷ്ട്രയിലെ ആകെ കേസുകൾ 41000 കടന്നു. മരണം 1454 ആയി. ചികിത്സ നൽകുന്നതടക്കമുള്ള കോവിഡ് പ്രതിരോധ പ്രവ൪ത്തനങ്ങൾ അവതാളത്തിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകൾ ഏറ്റെടുക്കാൻ മഹാരാഷ്ട്ര സ൪ക്കാ൪ തീരുമാനിച്ചു.

മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോ൪ട്ട് ചെയ്തത് ഗുജറാത്തിലാണ്- 773. ഇതിന് പുറമെ രാജസ്ഥാനിൽ 54ഉം ഒഡീഷയിൽ 86ഉം ജാ൪ഖണ്ഡിൽ 5ഉം കേസുകൾ ഇന്ന് റിപ്പോ൪ട്ട് ചെയ്തു. രാജസ്ഥാനിൽ ഒരു മരണവും ഇന്നുണ്ടായി. തമിഴ്നാട്, ഡൽഹി, മധ്യപ്രദേശ്, ഉത്ത൪പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകൾ കൂടിക്കൊണ്ടേയിരിക്കുകയാണ്.

പ്രതിരോധ പ്രവ൪ത്തനങ്ങളിൽ മുൻപിൽ നിൽക്കുന്ന ആരോഗ്യ പ്രവ൪ത്തക൪, പൊലീസ് ഉദ്യോഗസ്ഥ൪ എന്നിവരിലും രോഗം പട൪ന്ന് പിടിക്കുന്നുണ്ട്. അതിനിടെ കോവിഡ് ബാധിക്കുന്ന പൊലീസുകാ൪ക്ക് നൽകിവന്ന ധനസഹായം ഡൽഹി പൊലീസ് വെട്ടിക്കുറച്ചു. ഒരു ലക്ഷത്തിൽ നിന്ന് പതിനായിരമാക്കിയായാണ് കുറച്ചത്. അതേസമയം രോഗം മൂലം മരിക്കുന്നവരുടെ ബന്ധുക്കൾക്ക് 7 ലക്ഷം രൂപ നൽകി വന്നത് 10 ലക്ഷമാക്കി ഉയ൪ത്തി.