ഒറ്റ രാജ്യം-ഒറ്റ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നു.ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും യോഗത്തിനെത്തിയില്ല.
മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും അറിയിച്ചു. ആശയം ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയമാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്. ഈ രീതി കൊണ്ടുവരാനാണ് എന്‍.ഡി.എ രണ്ടാം സര്‍ക്കാരിന്റെ നീക്കം. ഇതിന് മുന്‍കൈ എടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒറ്റ തെരഞ്ഞെടുപ്പിന് എതിരാണ്. ജനാധിപത്യത്തിന്റെ കാതലാണ് തെരഞ്ഞെടുപ്പുകള്‍. അവയുടെ നടത്തിപ്പില്‍ മാറ്റം വരുത്തുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. സംസ്ഥാന സർക്കാരുകൾ താഴെ വീണാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോയേക്കാം. ഇത് നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കും. രാജ്യത്ത് ഒരു വിധത്തിലും യോജിക്കാത്ത രീതിയാണിത്. തുടങ്ങിയവയാണ് പ്രതിപക്ഷ വാദങ്ങള്‍.