India

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ആളിപ്പടരുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ അണിചേരുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം സമരത്തിലാണ്.

“പഞ്ചാബിലെ കർഷകർ പ്രക്ഷോഭം നടത്തുന്നത് ഒരൊറ്റ സംസ്ഥാനത്തിനായി മാത്രമല്ല. അതൊരു അഖിലേന്ത്യാ കര്‍ഷക മുന്നേറ്റമാണ്. തിക്രി, സിംഘു അതിർത്തികളിലേക്ക് ഗുജറാത്തില്‍ നിന്നുള്ള 500 കര്‍ഷകരെത്തും. സമരത്തോട് കേന്ദ്രം ഉചിതമായി പ്രതികരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുന്ന കര്‍ഷകരുടെ എണ്ണം കൂടും”- ഗുജറാത്തിൽ നിന്നുള്ള കര്‍ഷകന്‍ ഭവന്‍ ഷാ പറഞ്ഞു.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള 2500 കര്‍ഷകര്‍ ട്രാക്റ്ററുകളിലും ട്രോളികളിലുമായി യാത്ര തിരിച്ചുകഴിഞ്ഞു. ആറ് മാസത്തേക്ക് വരെയുള്ള റേഷനും കൊണ്ടാണ് ഈ കര്‍ഷകര്‍ യാത്ര തിരിച്ചത്. കിസാന്‍ മഹാപഞ്ചായത്ത് പ്രസിഡന്‍റ് രാംപാല്‍ ജാട്ടിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ കര്‍ഷകര്‍ ഹരിയാന – ഡല്‍ഹി അതിര്‍ത്തിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഡല്‍ഹിയേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞതോടെയാണ് കുത്തിയിരുപ്പ് സമരം.

“ഡല്‍ഹിയിലേക്ക് പോകുന്നതില്‍ നിന്നും ഹരിയാന പൊലീസ് ഞങ്ങളെ തടഞ്ഞിരിക്കുകയാണ്. കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ തടയുകയാണ്. പഞ്ചാബിലെ കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. ഈ രാഷ്ട്രീയം ശരിയല്ല. പുതിയ മൂന്ന് കരിനിയമങ്ങളും പിന്‍വലിക്കുക എന്നത് രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും ആവശ്യമാണ്”- രാംപാല്‍ ജാട്ട് പറഞ്ഞു.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചരക്ക് വാഹനങ്ങൾ പണിമുടക്കുമെന്ന് വാഹന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കർഷക സംഘടനകൾ പറഞ്ഞു. സമരം നടത്തുന്ന മുഴുവൻ സംഘടനകളെയും പ്രധാനമന്ത്രി ചർച്ചക്ക് വിളിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.