India

ആളിക്കത്തി കർഷക രോഷം; പൊലീസ് ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി ഇന്ത്യാഗേറ്റിലേക്ക്

കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് ‍ഡല്‍ഹിയിലെത്തി. മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.

മാര്‍ച്ച് തടയാനായി പോലീസ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ജെസിബി ഉപയോഗിച്ചാണ് കര്‍ഷകര്‍ എടുത്തുമാറ്റിയത്.റോഡുകളില്‍ പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ നീക്കി. ബാരിക്കേഡുകള്‍ തര്‍ത്തതോടെ ഗാസിപൂരിലും സിഘുവിലും കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി.

കോണ്‍ഗ്രീറ്റ് സ്ലാബുകളും ബസ്സുകളും ഉപയോഗിച്ച് ഡല്‍ഹിയിലെ റോഡുകളിലും റാലിയെ പോലീസ് തടഞ്ഞു. ട്രാക്ടര്‍ ഉപയോഗിച്ച് ഇവ നീക്കം ചെയ്ത് മുന്നേറിയ കര്‍ഷര്‍ക്ക് നേരെ പോലീസ് വീണ്ടും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. നിരവധി കര്‍ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതായും പ്രകോപനമില്ലാതെ കര്‍ഷകര്‍ക്കെതിരെ വ്യാപക അക്രമമാണ് പൊലീസ് നടത്തുന്നതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ പറഞ്ഞു.

ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.