India National

ഡല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ പ്രചരണ ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‍ലൈക്കുകള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഇറക്കിയ പ്രചാരണഗാനത്തിന് ലൈക്കിനേക്കാള്‍ കുടുതല്‍ ഡിസ്‍ലൈക്കിന്റെ പൂരം. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡൽഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഗാനത്തില്‍ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്.

പ്രചരണ ഗാനത്തിന്റെ ദൈര്‍ഘ്യം 2.08 മിനിറ്റാണ്. യൂട്യൂബില്‍ ബി.ജെ.പി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഗാനം 4.62 ലക്ഷം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. അതേസമയം, ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‍ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 4700 ലൈക്കുകളും 1.79ലക്ഷം ഡിസ്‍ലൈക്കുകളുമാണ് ഗാനത്തിനായി ലഭിച്ചിരിക്കുന്നത്.

കൂടാതെ, വീഡിയോ കണ്ടതില്‍ മലയാളികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും പാര്‍ട്ടിയെ വിമര്‍ശിച്ചു കൊണ്ടുള്ള കമ്മന്റുകളും നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യം നശിപ്പിക്കരുത്, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, ഇന്ത്യയിലെ യുവാക്കള്‍ വെറും വിഡ്ഢികളല്ല, തുടങ്ങി പതിനായിരക്കണക്കിന് കമ്മന്റുകളാണ് ഗാനത്തിന് താഴെയുള്ളത്.