India National

മൊറട്ടോറിയം നീട്ടൽ; സുപ്രിംകോടതി ഇന്ന് വാദം കേൾക്കും

മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും സുപ്രിംകോടതിയുടെ നിർണായക വാദം കേൾക്കൽ ഇന്ന്. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ കോടതി കേൾക്കും. മൊറട്ടോറിയം രണ്ട് വർഷത്തേക്ക് നീട്ടാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിരുന്നു.

റിസർവ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും മൊറട്ടോറിയം നീട്ടുന്നതും പലിശ ഒഴിവാക്കുന്നതും അടക്കം എല്ലാ ഇളവുകളുമെന്ന് ധനമന്ത്രാലയം നിലപാട് അറിയിച്ചിട്ടുണ്ട്. പൊതു മൊറട്ടോറിയം ഇനിയില്ല.

വായ്പ തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്നവർക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. രണ്ട് വർഷം വരെ മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾക്ക് കഴിയും. പലിശയിളവിലും പിഴ പലിശ ഒഴിവാക്കുന്നതിലും ബാങ്കുകൾക്ക് തീരുമാനമെടുക്കാം.

ധനമന്ത്രാലയത്തിന്റെ നിലപാടിൽ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം നിർണായകമാകും. കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് കൃത്യമായ നിലപാട് വ്യക്തമാക്കാത്തതെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു. റിസർവ് ബാങ്കിന് പിന്നിൽ കേന്ദ്രത്തിന് ഒളിക്കാനാകില്ലെന്ന് നിരീക്ഷിച്ചതും ശ്രദ്ധേയമാണ്.