India

സ്വന്തമായി ഭൂമിയുള്ള കുരങ്ങന്മാർ; മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ കുരങ്ങന്മാരുടെ പേരിൽ 32 ഏക്കർ ഭൂമി

സ്വന്തമായൊരു തുണ്ട് ഭൂമി മിക്കവരുടെയും സ്വപ്നമാണ്. അതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ ആളുകൾക്കിടയിൽ ഭൂമിയെ ചൊല്ലി തർക്കങ്ങളും പതിവാണ്. ഭൂമി വിട്ടുകൊടുക്കുക, വഴി തർക്കങ്ങളെല്ലാം നമുക്ക് പുതിയത് അല്ലാത്ത കാര്യങ്ങളാണ്. എന്നാൽ സ്വന്തമായി ഭൂമിയുള്ള കുരങ്ങന്മാരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലെ കുരങ്ങന്മാർക്കാണ് തങ്ങളുടെ പേരിൽ സ്വന്തമായി ഭൂമി രജിസ്റ്റർ ചെയ്തെന്ന അപൂർവ ബഹുമതി ഉള്ളത്.

തങ്ങളുടെ പേരിൽ സ്വന്തമായി 32 ഏക്കർ ഭൂമിയാണ് ഇവർക്കുള്ളത്. ഒസ്മാനാബാദിലെ ഉപ്‌ല(Upla) ഗ്രാമത്തിലെ ആളുകൾ ഇവിടുത്തെ കുരങ്ങന്മാരെ ബഹുമാനത്തോടെയാണ് കാണുന്നതും പരിചരിക്കുന്നതും. അവർ വീട്ടുപടിക്കൽ എത്തുമ്പോഴെല്ലാം അവർക്ക് ഭക്ഷണം നൽകുകയും ഗ്രാമത്തിൽ നടക്കുന്ന വിവാഹങ്ങളിൽ പോലും ഇവരെ പങ്കെടുപ്പിക്കുകയും ചെയ്യും. ഉപ്‌ല ഗ്രാമപഞ്ചായത്തിൽ നിന്ന് കണ്ടെത്തിയ ഭൂരേഖകളിൽ ഗ്രാമത്തിലെ 32 ഏക്കർ ഭൂമി അവിടെ താമസിക്കുന്ന എല്ലാ കുരങ്ങുകളുടെയും പേരിലാണെന്ന് വ്യക്തമായി പരാമർശിക്കുന്നുണ്ട്.

ഭൂമി കുരങ്ങുകളുടേതാണെന്ന് ഉള്ളതിന് വ്യക്തമായ രേഖകൾ ഉണ്ടെങ്കിലും ആരാണ് മൃഗങ്ങൾക്കായി ഈ വ്യവസ്ഥ ഉണ്ടാക്കിയതെന്നും എപ്പോഴാണ് ഇത് ചെയ്തത് എന്നതിനെ കുറിച്ചും ആർക്കും വ്യക്തമായ അറിവില്ല,” ഗ്രാമതലവനായ ബപ്പ പദ്‌വാൾ(Bappa Padwal) പിടിഐയോട് പറഞ്ഞു. മുൻകാലങ്ങളിൽ ഗ്രാമത്തിൽ നടന്നിരുന്ന എല്ലാ ആചാരങ്ങളുടെയും ഭാഗമായിരുന്നു കുരങ്ങുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമത്തിൽ ഇപ്പോൾ ഏകദേശം 100 കുരങ്ങുകളാണ് വസിക്കുന്നത്. എന്നാൽ മൃഗങ്ങൾ ഒരിടത്തും അധികകാലം നിൽക്കാത്തതിനാൽ ഇപ്പോൾ ഇവയുടെ എണ്ണം വർഷങ്ങൾ തോറും കുറഞ്ഞുവരുന്നുണ്ട്. “നേരത്തെ, ഗ്രാമത്തിൽ കല്യാണം നടക്കുമ്പോഴെല്ലാം ആദ്യം കുരങ്ങന്മാർക്ക് സമ്മാനം നൽകുമായിരുന്നു. അതിനുശേഷം മാത്രമേ ചടങ്ങ് ആരംഭിക്കൂകയുള്ളു. എന്നാൽ ഇപ്പോൾ ആരും ഈ രീതി പിന്തുടരുന്നില്ല എന്നും ഗ്രാമത്തലവൻ കൂട്ടിച്ചേർത്തു.