ഉറങ്ങിക്കിടക്കുന്നതിനിടെ തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കീഴടക്കി ഒരമ്മ. കരിമ്പിന്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ദിലീപ് – ദീപാലി ദമ്പതികളുടെ 18 മാസം മാത്രം പ്രായമായ മകന്‍ ധന്യനേഷ്‌വറിനെയാണ് പുലി ആക്രമിച്ചത്. മഹാരാഷ്ട്രയില്‍ പൂനെയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി ജുന്നാറിലാണ് നടുക്കുന്ന സംഭവം.
മറ്റ് കുടുംബങ്ങളെപ്പോലെ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു ദീപാലിയും കുഞ്ഞും. ഇതിനിടെ പുലിയെത്തിയത് അറിഞ്ഞില്ല. പുലിയുടെ മുരളല്‍ കേട്ടാണ് വീട്ടമ്മ ഉറക്കമുണര്‍ന്നത്. അപ്പോഴേക്കും പുലി കുഞ്ഞിന്റെ തലയില്‍ കടിച്ചിരുന്നു. പിന്നെ ഒന്നു നോക്കിയില്ല, ഉടന്‍ ദീപാലി കൈ കൊണ്ടുതന്നെ പുലിയെ അടിക്കാന്‍ തുടങ്ങി. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ, പുലി കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മയെ ആക്രമിക്കാനൊരുങ്ങി. എന്നാല്‍ ദീപാലി ബഹളം വെച്ചതോടെ പുലി ഓടിക്കളഞ്ഞു.
ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 2 മണിയോടുകൂടി വനംവകുപ്പ് അധികൃതര്‍ സംഭവ സ്ഥലത്തെത്തി. വീടിന് പുറത്ത് കിടന്നുറങ്ങരുതെന്നും, കാട്ടുമൃഗങ്ങളുടെ ആക്രമണ സൂചനകള്‍ ലഭിക്കുന്നതിനായി വളര്‍ത്തു മൃഗങ്ങളെ വീടിന്റെ പരിസരത്തുതന്നെ നിര്‍ത്തണമെന്നും കാലങ്ങളായി ഗ്രാമീണര്‍ക്ക് നിര്‍ദ്ദേശം നല്‍കിവരുന്നതാണെന്ന് ഫോറസ്റ്റ് ഓഫീസര്‍ വിശാല്‍ അഥഗലെ പറഞ്ഞു. കഴുത്തിലും കണ്ണിലും പുലിയുടെ പല്ലിന്റെ പാടുകളേറ്റ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജുന്നാര്‍ താലൂക്കില്‍ ഈ വര്‍ഷം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ കുഞ്ഞാണിത്. ജുന്നാറില്‍ കഴിഞ്ഞ ജനുവരിയില്‍ 5 മാസം പ്രായമുള്ളൊരു കുഞ്ഞ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പുഷ്പ്പാവതിപ്പുഴയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് ഒരുപാട് കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. തൊഴിലാവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ജില്ലയിലെ പല ഭാഗങ്ങളിലേക്ക് താമസം മാറുകയും ചെയ്യുന്നുണ്ട്. പുള്ളിപ്പുലിയെ പിടികൂടാനായി പ്രദേശത്ത് ഒരു കൂട് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ വനംവകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്.