India National

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെ സഹകരണം ഉറപ്പുനല്‍കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. ടൂറിസം, വാര്‍ത്താ പ്രക്ഷേപണം, ഭവന നിര്‍മാണം തുടങ്ങിയ മേഖലയില്‍ അഞ്ച് ധാരണപത്രങ്ങളും ഇരു രാജ്യങ്ങളും കൈമാറി.

ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. യുവാക്കളെ തീവ്രവാദത്തില്‍ നിന്ന് അകറ്റേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സൗദിക്കും ഇന്ത്യക്കും ഒരേ കാഴ്ചപ്പാടാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരവാദം എത്രമാത്രം അപകടകരമെന്ന് പുല്‍വാമ ഭീകരാക്രമണം തെളിയിച്ചു. ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കേണ്ടതുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു.

ഇന്ത്യയുമായുള്ള ദൃഢബന്ധത്തിലെ പുതിയ അധ്യായമായിരിക്കും സന്ദര്‍ശനമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയെ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യക്കാരുടെ പങ്ക് നിസ്തുലമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്താനിലും അമീര്‍ മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു.

ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. ഡല്‍ഹി പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി വരവേറ്റു. 10 മണിക്ക് രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തോടെയാണ് സന്ദര്‍ശനം ആരംഭിച്ചത്. രാത്രി 7.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷം 11.50തോടെ ചൈനയിലേക്ക് പോകും.