India National

വരാണസിയില്‍ മോദിയുടെ റോഡ് ഷോ ഇന്ന്; നാളെ പത്രിക സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ റോഡ് ഷോ നടത്തും. നാളെയാണ് മോദി വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ വരാണസിയില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെ വിവിധ റാലികളില്‍ പങ്കെടുക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വരണാസിയിലെ ദശാശ്വേമേധ് ഗാട്ടില്‍ പ്രധാനമന്ത്രി പൂജ നടത്തും. വരാണാസിയിലെ പ്രധാന സ്ഥലങ്ങളിലൂടെ മോദി ഇന്ന് റോഡ് ഷോയും നടത്തുന്നുണ്ട്. അതിന് ശേഷം മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി മോദി സംവദിക്കും. നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്. വരാണസി ഉള്‍പ്പെടുന്ന വോട്ടെടുപ്പ് നടക്കുന്ന അവസാനഘട്ടാമായ മെയ് 19 നാണ് നടക്കുക.

അതേസമയം മോദിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം നിരവധി തവണ മത്സരിക്കുന്നതില്‍ വിമുഖതയില്ലെന്ന് പ്രിയങ്ക തന്നെ സൂചിപ്പിച്ചുകഴിഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്കയുടെ നിലപാട്. പ്രിയങ്ക മത്സരിച്ചാല്‍ ദളിത് സവര്‍ണ മുസ്ലീം വിഭാഗങ്ങളുടെ വോട്ടുകള്‍ ലഭിക്കുമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍ അതിനാല്‍ പ്രിയങ്കക്ക് പിന്തുണ നല്‍കാനും പാര്‍ട്ടികള്‍ തയ്യാറായേക്കും. നാലാംഘട്ടത്തിന് ദിവസങ്ങള്‍ ശേഷിക്കെ ആദ്യഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രാജസ്ഥാനിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രചരണം നടത്തുന്നത്. കോട്ട അജ്മേര്‍, ജലോര്‍ എന്നിവടങ്ങളിലെ റാലികളില്‍ രാഹുല്‍ പങ്കെടുക്കും.