നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിൽ എത്തും. പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം റാലി തടയാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ, അമൃത്സർ-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, മുകേരിയൻ-തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിലെ PGI സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളജുകൾ എന്നിങ്ങനെ 42.750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക.
അതേസമയം സംയുക്ത കിസാൻ മോർച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കും. ഹരിയാനയിലെ കർഷകരും ഒപ്പംചേരും. എന്നാൽ കർഷകരുടെ നീക്കം മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കർഷകസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.