India National

ത്രിദിന സന്ദര്‍ശനത്തിനായി മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും

മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും. നാളെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങിയ ശേഷം മോദി ബഹ്റൈനിലേക്ക് തിരിക്കും.

ഇന്ന് രാത്രി അബൂദബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ന‍ഹ്‍യാനുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങും. ആദരസൂചകമായി കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.

മഹാത്മാ ഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള സ്റ്റാമ്പ് നരേന്ദ്ര മോദി പുറത്തിറക്കും. ഇന്ത്യന്‍ ഡിജിറ്റല്‍ പേമന്റ് സംവിധാനമായ റൂപേയുടെ ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ബഹ്റൈനിലേക്ക് തിരിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.