തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവത്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശം. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ രാഷ്ട്രീയ എതിരാളികളെയും സിനിമ-കായിക താരങ്ങളെയും ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.
ട്വീറ്റിനോട് ട്രോള്‍ രൂപത്തില്‍ പ്രതികരിച്ച അഖിലേഷ് യാദവ്, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യൂവെന്ന് ആഹ്വാനം ചെയ്തു.
രാഹുല്‍ ഗാന്ധി, മമതാബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, പി.വി സിന്ധു, സൈന നെഹ്‌വാള്‍ തുടങ്ങി കായിക താരങ്ങള്‍ക്കുമൊപ്പം ടാഗ് ചെയ്താണ് മോദി ട്വീറ്റ്.
വെവ്വേറെ സന്ദേശങ്ങളാണെങ്കിലും തെരഞ്ഞെടുപ്പടുത്തിരിക്കെ ജനങ്ങളെ പരമാവധി വോട്ടിങ്ങിന് പ്രേരിപ്പിക്കണമെന്നാണ് ട്വീറ്റുകളിലെ പൊതുവായ ഉള്ളടക്കം. എ.ആര്‍ റഹ്മാന്‍, ലതാ മങ്കേഷ്കര്‍, അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍, അമീര്‍ ഖാന്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങി കലാ മേഖലയിലുള്ളവര്‍, വ്യവസായികള്‍, മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പ്രത്യേകം ടാഗ് ചെയ്താണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
വോട്ടിന്റെ ശക്തിയും അത് ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ ആവശ്യകതയും പ്രധാനമന്ത്രി മോദി ട്വിറ്റര്‍ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു.