India National

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമാക്കി നരേന്ദ്രമോദി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാഹിൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ജനം മനസിലാക്കിയെന്ന് കോണ്‍ഗ്രസും ആംആദ്മിയും പ്രതികരിച്ചു. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ പൂര്‍ണമായും പ്രചാരണം പൌരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കെതിരാക്കി മാറ്റിയിരിക്കുകയാണ് ബിജെപി.

പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ക്കര്‍ധൂമയില്‍ നടത്തിയ പ്രചാരണ റാലിയിലും മുഖ്യവിഷയം ഷാഹീന്‍ ബാഗായിരുന്നു. ഷാഹീൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ്. ഷാഹീൻ ബാഗ്, സീലംപൂർ, ജാമിഅ എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾ മുതലെടുപ്പ് ലക്ഷ്യംവെച്ചുള്ളവയാണ്.

സമരങ്ങൾക്കു പിന്നിൽ രാഷ്ട്രീയ നീക്കമുണ്ട്, പ്രതിഷേധങ്ങളെ കോൺഗ്രസും ആം ആദ്മി പാർട്ടിയും രാഷ്ട്രീയവൽക്കരിക്കുന്നു എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഷാഹിന്‍ബാഗിലേക്കും ഓഖ്ലയിലേക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചാരണത്തിന് കൊണ്ടുവരാനും ബി.ജെ.പി ഒരുങ്ങുന്നുണ്ട്. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ജനം മനസിലാക്കുന്നുണ്ടെന്നും അവര്‍ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പ്രതികരിച്ചു.

പട്പര്‍ഗഞ്ചിലായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും റോഡ് ഷോ നടത്തിയത്. നാളെ രജൌരി ഗാര്‍ഡനില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയെ ‌മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിസംബോധന ചെയ്യും.