India National

യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് തെളിവുകള്‍ ചോദിച്ച് നരേന്ദ്ര മോദി

രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ സമയത്ത് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തിന് തെളിവുകള്‍ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വാദങ്ങളെല്ലാം തെറ്റാണെന്നും പ്രധാനമന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ സമയത്ത് ഒരു മിന്നല്‍ ആക്രമണവും നടന്നിട്ടില്ലെന്നാണ് പട്ടാള മേധാവിയില്‍ നിന്നും ലഭിച്ച വിവരമെന്നും മോദി പറഞ്ഞു.

രണ്ടാം യു.പി.എ കാലത്ത് നടത്തിയ മിന്നല്‍ ആക്രമണങ്ങളുടെ കണക്കുകള്‍ പറഞ്ഞ് കോണ്‍ഗ്രസ് വോട്ടു ചോദിച്ചിട്ടില്ല എന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് മോദി ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ നേട്ടങ്ങള്‍ ബി.ജെ.പി തെരഞ്ഞെടുപ്പു റാലികളില്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒട്ടാകെ രംഗത്തെത്തിയിരുന്നു.

പത്തു വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തിന്‍റെ കൈകള്‍ പുറകില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. പക്ഷെ, മിന്നല്‍ ആക്രമണത്തിന് ശേഷമുള്ള എയര്‍ സ്ട്രൈക്കിലൂടെ തീവ്രവാദത്തിന് തക്ക മറുപടി കൊടുക്കാനായെന്നും മോദി പറഞ്ഞു.