India National

മോദിയുടെ മൻ കി ബാത് പരാജയമെന്ന് കണക്കുകൾ; തിരുവനന്തപുരത്ത് ഒരു ശ്രോതാവ് പോലുമില്ല

പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട മൻ കി ബാത് പരാജയപ്പെട്ട പരിപാടിയായിരുന്നെന്ന് ഓൾ ഇന്ത്യ റേഡിയോ കണക്കുകൾ. 5 വർഷം പ്രധാനമന്ത്രി നടത്തിയ പ്രതിമാസ റേഡിയോ പരിപാടിക്ക് ശ്രോതാക്കള്‍ കുറവായിരുന്നു എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.

20 മിനിറ്റ് നീണ്ട ഹിന്ദി പ്രക്ഷേപണത്തിന് തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ ഒരു ശ്രോതാവ് പോലും ഉണ്ടായിരുന്നില്ല. ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകൻ യൂസഫ് നഖിയാണ് വിവരാവകാശ പ്രകാരം കണക്ക് ശേഖരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ആരംഭിക്കുന്നത് 2014 ലാണ്. അന്ന് ഗ്രാമീണ, നഗര മേഖലകളിലായി 30.82% ശ്രോതാക്കളുണ്ടായിരുന്നു. പിന്നീട് ശ്രോതാക്കളുടെ എണ്ണം ക്രമേണ കുത്തനെ താഴോട്ട് പോയി. 2016ൽ 25.82 ശതമാനമായി.

ശ്രോതാക്കളുടെ എണ്ണം വർധിപ്പിക്കാനായി 2017 ജൂൺ 2ന് ഛത്തീസ്ഗഡിലും ജാർഖണ്ഡിലും ഹരിയാനയിലും പ്രദേശിക ഭാഷയിൽ പ്രക്ഷേപണം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ശ്രോതാക്കളുടെ എണ്ണം വീണ്ടും താഴ്ന്നു, 22.67%ല്‍ എത്തി. ഹിന്ദി പ്രക്ഷേപണത്തിന് പട്നയിലെ ഗ്രാമീണ മേഖലയിൽ കൂടുതൽ ശ്രോതാക്കളെ ലഭിച്ചപ്പോൾ തിരുവനന്തപുരം ഗ്രാമീണമേഖലയിൽ ഒരാൾ പോലും 20 മിനിറ്റ് പ്രസംഗം കേൾക്കാൻ തയ്യാറായില്ല.

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും പരിപാടിക്ക് സ്വീകാര്യത ലഭിച്ചില്ല. ഓള്‍ ഇന്ത്യ റേഡിയോയുടെ 422 സ്റ്റേഷനുകളിലും മറ്റ് ചില സ്വകാര്യ എഫ്.എം സ്റ്റേഷനുകള്‍ വഴിയും പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. പരിപാടി വഴിയുള്ള വരവ് ചെലവ് കണക്കുകള്‍ വിവരാവകാശ പ്രകാരം നല്‍കാന്‍ തയ്യാറായില്ല. 2014 ഒക്ടോബർ 3ന് ആരംഭിച്ച പ്രഭാഷണ പരിപാടിയുടെ അവസാന എപ്പിസോഡ് ഫെബ്രുവരി 25നാണ് പ്രക്ഷേപണം ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം തുടരുമെന്നാണ് പ്രധാനമന്ത്രി അന്ന് വ്യക്തമാക്കിയത്.