നരേന്ദ്രമോദിയും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും. ‘ശാരദ ചിട്ടി തട്ടിപ്പ് കേസില്‍’ സിബിഐ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് മമതയുടെ കൂടിക്കാഴ്ച. എന്നാല്‍ സംസ്ഥാനത്തെ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണൂ കൂടിക്കാഴ്ചയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷം രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഇരു നേതാക്കളും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിന്‍റെ ഭാഗമായി സര്‍വ കക്ഷിയോഗം വിളിച്ചപ്പോഴും മമത ബാനര്‍ജി പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ‘ശാരദ ചിട്ടിതട്ടിപ്പ് കേസില്‍’ മമത ബാനര്‍ജിയുടെ അടുപ്പക്കാര്‍ക്കെതിരെ സിബിഐ നടപടി എടുക്കുന്നതിനാലാണ് മോദിയുമായി മമത കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് ബിജെപിയുടെ പരിഹാസം.
പശ്ചിമബംഗാളിന്‍റെ പേര് ‘ബംഗ്ല’ ആക്കുന്നത് അടക്കമുള്ള വിഷയങ്ങളും മറ്റ് വികസന പ്രശ്നങ്ങളുമാണ് ചര്‍ച്ചക്ക് കാരണമാകുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്ത് വിടുന്ന സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോളം തന്നെ പ്രകടനം നടത്താന്‍ ബംഗാളില്‍ ബിജെപിക്കായിരുന്നു. അതിനാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം ‘ശാരദ ചിട്ടി തട്ടിപ്പ്’ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നേരിട്ടു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലന്ന് പശ്ചിമബംഗാള്‍ ബാരാസത്ത് കോടതി വ്യക്തമാക്കി. പ്രത്യേക സിബിഐ കോടതി ഹരജി പരിഗണിക്കാനാകില്ലെന്ന വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാജീവ് കുമാര്‍ ജില്ലാ കോടതിയെ സമീപിച്ചത്. അതേസമയം ഒളിവില്‍ കഴിയുന്ന രാജീവ് കുമാറിനായി സിബിഐ പ്രത്യേക സംഘത്തെ രൂപികരിച്ചു. വിവിധയിടങ്ങളില്‍ രാജീവ് കുമാറിനായി പ്രത്യേക സംഘം തെരച്ചില്‍ നടത്തും.