പ്രധാവമന്ത്രി നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയാണെന്ന് രാഹുല്‍ ഗാന്ധി. ദരിദ്രരുടെ പോക്കറ്റിൽ പണം വയ്ക്കാതെ സാമ്പത്തിക മാന്ദ്യം മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ നൂഹില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളാണ് അദാനിയും അംബാനിയും. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സർക്കാർ അടുത്തിടെ നികുതി ഇളവ് ചെയ്തതായും അവർക്ക് 1.4 ലക്ഷം കോടി രൂപയുടെ ആശ്വാസം നൽകിയതായും രാഹുൽ ചൂണ്ടിക്കാട്ടി. നിങ്ങൾ അവർക്ക് എത്ര പണം നൽകിയാലും ദരിദ്രരുടെ പോക്കറ്റിൽ പണം വച്ചില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലുടനീളം രാഹുല്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ചു.
ജനങ്ങളെ കബളിപ്പിച്ചുകൊണ്ട്, തെറ്റായ വാഗ്ദാനങ്ങൾ മാത്രം നൽകി നിങ്ങൾക്ക് അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല. സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. ഫാക്ടറികൾ അടച്ചുപൂട്ടുന്നു. യുവാക്കൾ ജോലികൾക്കായി നിലവിളിക്കുന്നു, സർക്കാർ നുണകള്‍ക്ക് മേല്‍ നുണകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. വന്‍കിടക്കാരും ചെറുകിടക്കാരുമായ എല്ലാ വ്യാപാരികളെയും വ്യവസായികളെയും നശിപ്പിച്ചു. നിങ്ങൾ ദേശസ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തിന്റെ സ്വത്തുക്കൾ സമ്പന്നരായ സുഹൃത്തുക്കൾക്ക് വിൽക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ ആരോപിച്ചു.