ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഡാര്‍ തിയറിക്ക് തൊട്ട്പിന്നാലെ 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെ പൊളിച്ചടുക്കി ട്വിറ്റര്‍. ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി യുക്തിരഹിതമായ വാദങ്ങള്‍ അവതരിപ്പിച്ചത്. അഭിമുഖത്തിലെ മോദിയുടെ ‘സ്വന്തം’ റഡാര്‍ തിയറി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പരിഹാസത്തിന് വഴിവെച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് 1988ല്‍ ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത് താനാണെന്ന അവകാശവാദവും മോദി ഉന്നയിച്ചതായി അഭിമുഖസംഭാഷണത്തില്‍ കണ്ടെത്തുന്നത്. ബി.ജെ.പി നേതാവ് എല്‍.ജെ.അദ്വാനിയുടെ ഫോട്ടോയായിരുന്നു അന്ന് പകര്‍ത്തിയതെന്നായിരുന്നു മോദി പറഞ്ഞത്. 1988ല്‍ ഇമെയില്‍ സൌകര്യവും തനിക്കുണ്ടായിരുന്നെന്നും മോദി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മോദിയുടെ വാദങ്ങളിലെ സത്യസന്ധതയില്ലായ്മയെ വിമര്‍ശിച്ച് നിരവധി പേരാണ് ട്വിറ്ററിലൂടെ രംഗത്ത് വന്നിട്ടുള്ളത്.
1990ലാണ് ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ വിപണിയിലേക്ക് വരുന്നത്. ഇ മെയില്‍ സംവിധാനം ഇന്ത്യയില്‍ ആരംഭിച്ചത് 1995 ന് ശേഷവുമാണ് എന്ന യാഥാര്‍ത്ഥ്യത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദി കളവ് മറഞ്ഞ് മറച്ചു വെക്കുന്നത് വ്യക്തി താത്പര്യത്തിനാണെന്നാണ് ട്വിറ്ററിലെ വിമര്‍ശനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. പലരും പരിഹാസത്തോടെയാണ് മോദിയുടെ അവകാശവാദങ്ങളോട് മറുപടിയായി ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്. ഇ മെയില്‍ കണ്ടെത്തും മുമ്പ് മോദി സ്വയം അത് കണ്ടെത്തിയോ എന്നെല്ലാമാണ് ട്വിറ്ററിലെ പരിഹാസം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്നാണ് ട്വിറ്ററിലെ പ്രതികരണങ്ങള്‍ വിലയിരുത്തുന്നത്.