ഭരണത്തിന്റെ അവസാന വർഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ് . ജനവിരുദ്ധമായ പരിഷ്കാരങ്ങൾ മറക്കാൻ വലിയ വാഗ്ദാനങ്ങളുമായി ബജറ്റ് കൊണ്ടു വരാനാണ് ബി.ജെ.പിയുടെ ശ്രമം. വോട്ട് ഓണ്‍ അക്കൌണ്ട് മാത്രമേ അവതരിപ്പിക്കാവൂ എന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
2019ലെ ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കും എന്‍.ഡി.എക്കും നിര്‍ണായകമാണ് പൊതു ബജറ്റ്. സാധാരണ ഗതിയില്‍ ഭരണ കാലാവധി അവസാനിക്കാനിരിക്കെ പൊതുതെരഞ്ഞെടുപ്പ് വരെയുള്ള കാലത്തേക്ക് ഇടക്കാല ബജറ്റാണ് പ്രഖ്യാപിക്കാറ്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കും. എന്നാല്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് തന്നെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറു സമ്പൂർണ്ണ ബജറ്റുകൾ അവതരിപ്പിക്കാൻ ഒരു സർക്കാരിന് അവകാശമില്ലെന്നും ഈ നീക്കം പാർലമെന്റിന്റെ തന്നെ നിരാകരിക്കുന്ന നടപടിയാണെന്നുമാണ് കോണ്‍ഗ്രസ് വാദം. സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ശ്രമം നടന്നാൽ കോണ്ഗ്രസ് അതിനെ ശക്തമായി എതിർക്കുമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ ആകാനാണ് സാധ്യത.