കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും.
കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കര്‍ഷകരാകട്ടെ ഡല്‍ഹിയിലേക്കുള്ള പ്രവേശന കവടങ്ങള്‍ അടച്ച് സമരം ചെയ്യാനും തീരുമാനിച്ചു. ചര്‍ച്ചക്ക് വിളിക്കാന്‍ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ കര്‍ഷകര്‍ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നത്.
അതിനിടെ കാർഷിക പരിഷ്‍കരണ നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. കർഷകരുടെ താത്പര്യം പരിഗണിച്ചാണ് നിയമ നിർമാണം നടത്തിയത്. നിയമം കർഷകരെ ശാക്തീകരിക്കുന്നതാണ്. നിയമത്തിന്‍റെ പേരിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നു. അവർ കർഷകരെ വഞ്ചിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.