India National

മോദി സര്‍ക്കാറിന്‍റെ ബജറ്റ് അവതരണം നാളെ

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം നാളെ. ബജറ്റ് സമ്മേളത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തും. ആദ്യ ദിനം തന്നെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും ഇന്ന് അവതരിപ്പിക്കും. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം പ്രസംഗം നടത്തുന്നതോടെ ബജറ്റ് സമ്മേളത്തിന് തുടക്കമാകും. രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു വിളിച്ച സർവകക്ഷിയോഗവും ചേരും.

നാളെ രാവിലെ 11 മണിക്കാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുക. ചരക്ക് സേവന നികുതി നിരക്കുകളിലെ പരിഷ്കരണവും ആകര്‍ഷകമായ ഭവനപദ്ധതികളും ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

എന്നാല്‍ ആദ്യ ദിനം തന്നെ പൌരത്വ ഭേദഗതി നിയമം സംബന്ധിച്ച് ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആവശ്യം സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം അറിയിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അനുവദിക്കാനിടയില്ല. അതിനാല്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയേക്കും.